പ്രതിബിംബങ്ങളുടെ ഭാരം

എം.നന്ദകുമാർ പാലക്കാട് ജില്ലയിൽ ജനനം. പാലക്കാട് എൻ.എസ്.എസ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക്ക് ബിരുദം. Wipro net technologies, Cats-Net ISP (ടാൻസാനിയ) മുതലായ ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ  Technichal Documentation Consultant ആയി ജോലി ചെയ്യുന്നു. വായില്ല്യാകുന്നിലപ്പൻ, നിലവിളിക്കുന്നിലേക്കുളള കയറ്റം (ഡി.സി ബുക്ക്‌സ്), പ്രണയം 1024 കുറുക്കുവഴികൾ (കറന്റ് ബുക്‌സ്)എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വാർത്താളി സൈബർ സ്‌പേസിൽ ഒരു പ്രണയ നാടകം’ എന്ന നീണ്ടകഥയെ ആധാരമാക്കി വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന സിനിമ ദേശീയ അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പുരസ്‌ക്കാരങ്ങൾ നേടി.

Communards in their Coffins
Communards in their Coffins

രണ്ട്  തരം ഭാഷകൾക്കിടയിൽ ഛിന്നഭിന്നമാകുന്ന അസ്വസ്ഥതയാണ് ഫോട്ടോഗ്രഫിയെക്കുറിച്ച്  എഴുതാൻ ആഗ്രഹിക്കുമ്പോൾ ബാർഥ് അഭിമുഖീകരിക്കുന്നത്.

ഭാവാവിഷ്ക്കാരത്തിന്റെയും വിമർശനാത്മകതയുടെയും  വ്യത്യസ്തഭാഷകൾ. ഏതിനം ലഘൂകരണപദ്ധതിയേയും  ചെറുക്കാൻ  അദ്ദേഹം ശ്രമിക്കുന്നു. മൂന്നാമതൊരു  ഭാഷണത്തിലൂടെ. നീത്ചെ (Friedrich Wilhelm Nietzsche) പറയുന്ന ‘അഹംബോധ ( Ego) ത്തിന്റെ പ്രാചീനമായ പരമാധികാരത്തി’ലേക്ക് ബാർഥ് തിരിയുന്നു. ആ പ്രാമുഖ്യത്തെ സ്വാനുഭവങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒരു പഠനപദ്ധതിയാക്കിക്കൊണ്ട്. അതിനാൽ, ‘തനിക്ക് വേണ്ടി’ മാത്രം നിലനില്പ്പുള്ളതെന്ന്  ഉറപ്പുള്ള ഏതാനും ഫോട്ടോഗ്രഫുകളിൽ നിന്ന് അന്വേഷണം തുടങ്ങണം. വ്യക്തിപരമായ ചില പ്രചോദനങ്ങളിൽ ആരംഭിച്ച്,   ഫോട്ടോഗ്രാഫിയുടെ  അടിസ്ഥാനലക്ഷണം രൂപവത്ക്കരിക്കാൻ. ഏതൊരു സാമാന്യാശയത്തിന്റെ അഭാവത്തിൽ ഫോട്ടോഗ്രഫിയും ഇല്ലാതാകുന്നുവോ ആ തത്വം കണ്ടെത്താൻ.

ഫോട്ടോഗ്രഫിക്  ജ്ഞാനത്തിന്റെ അളവ്കോലായി ബാർഥ് പ്രതിഷ് ഠിക്കുന്നത് തന്നെത്തന്നെയാണ്. ‘എന്റെ  ഉടലിന്   ഛായാഗ്രഹണത്തെക്കുറിച്ച്  എന്താണ്  അറിയുക?’ എന്ന പരിശോധനയിലൂടെ. ഒരു  ഫോട്ടോഗ്രഫ്  മൂന്നുതരം പ്രക്രിയകളുടെ / വികാരങ്ങളുടെ /  ലക്ഷ്യങ്ങളുടെ വിഷയമാണ് . അവയിൽ operator ഫോട്ടോഗ്രഫറും  കാഴ്ചക്കാർ നമ്മളുമാകുന്നു. പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, ആൽബങ്ങൾ എന്നിവയിലെല്ലാമുള്ള  ഛായാപടശേഖരങ്ങളിൽ  കണ്ണോടിക്കുന്ന നാം തന്നെ പ്രേക്ഷകർ. ഫോട്ടോഗ്രഫ്   ചെയ്യപ്പെടുന്ന വസ്തുവോ വ്യക്തിയോ ആണ് ലക്ഷ്യം, അഥവാ അടയാളം. ആ വിഷയം വികിരണം ചെയ്യുന്ന ഏത് സത്തയെയും (eidolon) )  ബാർത് ഫോടോഗ്രഫിന്റെ  Spectrum എന്ന്  വിളിക്കുന്നു. Spectrum എന്ന പദം, അതിന്റെ ധാതുരൂപത്തിൽ കാഴ്ചവസ്തു  (Spectacle) വുമായുള്ള  ഒരു ബന്ധം നിലനിർത്തുന്നുമുണ്ട്. കാഴ്ചവസ്തുവിൽ, എല്ലാ  ഫോട്ടോഗ്രഫിലും അടങ്ങിയ ഭയാനകസംഗതി  ചേർക്കപ്പെട്ടിരിക്കുന്നു: മരിച്ച്  പോയതിന്റെ തിരിച്ച് വരവ് .

ഒരു അമേച്വർ ഫോട്ടോഗ്രഫര്‍  പോലുമല്ലാത്തതിനാൽ, ഓപറേറ്ററുടെ പ്രക്രിയയെക്കുറിച്ചുള്ള  അന്വേഷണം ബാർതിനു  സാധ്യമല്ല. ഓപറേറ്ററുടെ വികാരം അയാൾ  നോക്കുന്ന  ചെറിയ ദ്വാരവുമായി (Stenope ) ഏതോ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി ബാർഥ് അനുമാനിക്കുന്നു. ആ പഴുതിലൂടെയാണ് അയാൾ നോട്ടത്തെ പരിമിതപ്പെടുത്തുന്നതും  ചട്ടത്തിലാക്കുന്നതും (framing) പരിപ്രേക്ഷ്യമുണ്ടാക്കുന്നതും.

സാങ്കേതികമായി തീർത്തും വിഭിന്നമായ രണ്ട്  പ്രവൃത്തികൾ അന്യോന്യം  േഛദിക്കുന്നിടത്ത്  ഛായാഗ്രഹണം സംഭവിക്കുന്നു. ചില പദാർത്ഥങ്ങളിൽ പ്രകാശത്തിന്റെ പ്രവർത്തനം എന്ന രാസനിലയാണ് ഒരു പ്രക്രിയ. പ്രകാശോപകരണത്തിലൂടെ പ്രതിബിംബം രൂപപ്പെടുന്ന ഭൗതികനില രണ്ടാമത്തേതും. കാഴ്ചക്കാരന്റെ ഫോട്ടോഗ്രഫ്  വിഷയത്തിന്റെ രാസികമായ വെളിപാടിൽ നിന്ന്  ആവിർഭവിക്കുന്നു. എന്നാൽ ഓപറേറ്റർക്ക്  ഫോട്ടോഗ്രഫ്  നേർവിപരീതമാണ്.  കാമറയുടെ മറവിലുള്ള താക്കോൽ ദ്വാരത്തിലൂടെ, ചട്ടത്തിനു ള്ളിലാക്കിയ കാഴ്ചയുമായാണ്  അതിനു ബന്ധം. ഓപ്പറേറ്ററുടെ വികാരമെന്തെന്ന്, സത്തയെന്തെന്ന്  ബാർതിനു  പറയാനാവില്ല. അത്തരമൊരു  പ്രക്രിയ അനുഭവിച്ചിട്ടില്ലാത്തതിനാൽ. ‘ഫോട്ടോഗ്രഫര്‍ക്ക്  അനുസൃതമായ ഫോട്ടോഗ്രഫി’ കൈകാര്യം ചെയ്യുന്ന ഭൂരിപക്ഷസംഘത്തിൽ ചേരാനുമാവില്ല. അദ്ദേഹത്തിന്റെ കൈപ്പിടിയിൽ രണ്ട്  വികാരങ്ങൾ മാത്രമേയുള്ളൂ: നിരീക്ഷിക്കപ്പെടുന്ന വ്യക്തിയും നിരീക്ഷിക്കുന്ന വ്യക്തിയും.

നിരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ വികാരങ്ങൾ എന്തൊക്കെയാണ്? ബാർതിന്റെ വാക്കുകളിൽ: ‘ലെൻസിലൂടെ നിരീക്ഷിക്കപ്പെടുന്നു എന്ന്  ബോധ്യപ്പെടുന്നതോടെ എല്ലാം മാറി തുടങ്ങുകയാണ്. ഞാൻ എന്നെ തന്നെ ‘Posing’  എന്ന പ്രവൃത്തിയിൽ രൂപപ്പെടുത്തുന്നു. തൽക്ഷണം, എനിക്കു വേണ്ടി മറ്റൊരു ഉടലിനെ ഉണ്ടാക്കുന്നു. സ്വയം ഒരു പ്രതിബിംബമായി ഞാൻ രൂപാന്തരീകരണം  ചെയ്യുന്നു. ഈ രൂപമാറ്റം സജീവമായ ഒരു ക്രിയയാണ്. ഫോട്ടോഗ്രഫ്, അതിന്റെ അസ്ഥിരസ്വഭാവം കാരണം, എന്റെ ശരീരത്തെ സൃഷ്ടിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതായി എനിക്ക് അനുഭവപ്പെടുന്നു.

Barricade Voltaire Lenoir Commune Paris 1871
Barricade Voltaire Lenoir Commune Paris 1871

(ബാരിക്കേഡിൽ പോസ് ചെയ്യാനുള്ള ആവേശത്തിന്, സ്വന്തം ജീവൻ കൊണ്ട് ചില കമ്മ്യൂണ്‍ അംഗങ്ങൾ വില നല്കിയ കാര്യം ബാർഥ് ഓർക്കുന്നു. കമ്മ്യൂണിന്റെ പരാജയത്തിനു ശേഷം Theirs – ന്റെ പോലീസ് മിക്കവാറും എല്ലാവരെയും ഫോട്ടോഗ്രഫിൽ നിന്ന്  തിരിച്ചറിയുകയും  വെടിവെച്ച്  കൊല്ലുകയും ചെയ്തു.)

“പോസ്  ചെയ്യുകയാണെന്ന്  ക്ഷണനേരത്തേക്കെങ്കിലും  അറിഞ്ഞു കൊണ്ട്  തന്നെ, അത്രയും അപകടസാധ്യത ആ നിമിഷം ഞാൻ ഏറ്റെടുക്കുന്നില്ല. ഫോട്ടോഗ്രഫിൽ നിന്ന്  ഒരാൾ  തന്റെ അസ്തിത്വത്തെ വ്യുത്പന്നമാക്കുന്നത്  രൂപകാത്മകമായിട്ടാണെന്ന കാര്യത്തിൽ സംശയമില്ല. ഈ അസ്തിത്വം സാങ്കല്പികവുമാണ്.  എന്നിരുന്നാലും ഞാനത്  അനുഭവിക്കുന്നത്  അനിശ്ചിതത്വം കലർന്ന ഒരു ദത്തെടുക്കലിന്റെ തീവ്രവേദനയോടെയാണ്. ഒരു പ്രതിബിംബം -എന്റെ പ്രതിബിംബം- ഉത്പാദിപ്പിക്കപ്പെടും. ഞാൻ ജന്മമെടുക്കാൻ പോകുന്നത്  സഹതാപമർഹിക്കാത്ത വ്യക്തിയിൽ നിന്നാണോ? അതോ, നല്ലവരായ ആളുകളുടെ ഇനത്തിൽ നിന്നോ?  ഒരു ക്ലാസിക് കാൻവാസിൽ എന്ന പോലെ എനിക്ക്  ‘പുറത്ത് വരാൻ’ കഴിഞ്ഞെങ്കിൽ… കുലീനഭാവത്താൽ അനുഗ്രഹീതനായി ;  ചിന്താശീലം, വിവേകം അങ്ങിനെ പലതും നിറഞ്ഞ ഒരാളായി… ചുരുക്കത്തിൽ, ഞാൻ Titian ചിത്രമെഴുതിയത് പോലെ, Clouet രേഖാചിത്രം വരച്ചത് പോലെ ആയിത്തീർന്നെങ്കിൽ. ഞാൻ പിടിച്ചെടുക്കാനാഗ്രഹിക്കുന്നത്  ലോലമായ ഒരു  സന്മാർഗിക ഇഴയടുപ്പമാണ്. എന്നാൽ, മഹാന്മാരായ Portraists- കളുടെ കൈകളിലല്ലാതെ  ഛായാഗ്രഹണം  അതിസൂക്ഷ്മമല്ല – ഫോട്ടോഗ്രഫി മറ്റെന്തൊക്കെയാണെങ്കിലും. ഇക്കാരണങ്ങളാൽ എന്റെ ചർമ്മത്തിനു മുകളിൽ, ഉള്ളിൽ നിന്നും എപ്രകാരം പെരുമാറണമെന്ന്  അറിഞ്ഞുകൂടാ. അതിനാൽ  ഒരു നേരിയ പുഞ്ചിരി എന്റെ ചുണ്ടുകളിലും കണ്ണുകളിലും പാറി നടക്കട്ടെയെന്ന്  ഞാൻ തീരുമാനിക്കുന്നു. നിർവചനാതീതം എന്നാണ്  ആ മന്ദഹാസത്തിൽ  ഞാൻ ഉദ്ദേശിക്കുന്നത്. നേർത്ത  ചിരിയിലൂടെ  ഞാൻ സൂചിപ്പിക്കുന്നത്, എന്റെ പ്രകൃതത്തിന്റെ  സവിശേഷതകൾക്കൊപ്പം ഛായാഗ്രഹണത്തിന്റെ മുഴുവൻ അനുഷ്ഠാനത്തെയും ചൊല്ലി രസം കലർന്ന എന്റെ അവബോധവും കൂടിയാണ്.

ഈ സാമൂഹികവിനോദത്തിനായി  ഒരാൾ തന്നെത്തന്നെ വിട്ട്കൊടുക്കുമ്പോൾ അയാൾ എന്തിനെക്കുറിച്ചെല്ലാം ബോധവാനാണ്?

‘ഞാൻ പോസ് ചെയ്യുകയാണ്. പോസ്  ചെയ്യുകയാണെന്ന് എനിക്കറിയാം. അത്  നിങ്ങൾ  അറിയണമെന്നതും  എന്റെ ആവശ്യമാണ്‌. പക്ഷെ, കൂട്ടിച്ചേർക്കപ്പെട്ട ഈ സന്ദേശം ഒരു തരത്തിലും എന്റെ  വ്യക്തിത്വത്തിന്റെ  അമൂല്യമായ സത്തയെ മറ്റൊന്നാക്കി തീർക്കരുത്. ഒരു  ‘കോലം’  എന്നതിൽ നിന്ന്  വ്യത്യസ്തമായി,  ഞാനെന്താണോ  അത് , അതായിരിക്കണം എന്റെ ഛായാപടം.

സ്വന്തം ഫോട്ടോഗ്രഫിൽ ഒരാൾ ആവശ്യപ്പെടുന്നത്  എന്താകാം? ‘ സ്ഥാനാന്തരം ചെയ്യുന്ന ഒരായിരം ഫോട്ടോഗ്രഫുകൾക്കിടയിൽ,  എന്റെ പ്രതിബിംബം ഗഹനമായ എന്റെ വ്യക്തിത്വവുമായി സദാ തുല്യത പാലിക്കണം. ആ പ്രതിരൂപം സന്ദർഭത്തിനും കാലത്തിനും അനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോഴും. പക്ഷെ, പറയേണ്ടത്  നേരെ തിരിച്ചാണ്:  ‘ഈ ഞാൻ’ ഒരിക്കലും എന്റെ പ്രതിബിംബവുമായി തത്തുല്യമാകുന്നില്ല. കാരണം , പ്രതിബിംബം ഭാരമുള്ളതും ചലനമറ്റതും  കർക്കശവുമാകുന്നു. (അക്കാരണത്താലാണ്  സമൂഹം  അതിനെ നിലനിർത്തുന്നതും.)  എന്നാൽ, ‘ഈ ഞാൻ’ കനമില്ലാത്തതും വിഭജിതവും ചിതറിയതുമാണ്. കുടത്തിലെ ഭൂതം പോലെ.  ‘ഈ ഞാൻ’ അടക്കമില്ലാതെ, കുലുങ്ങിച്ചിരിച്ച്, എന്നിൽ  വസിക്കുന്നു.

ഛായാഗ്രഹണത്തിന്  നിക്ഷ്പക്ഷവും  ശരീരഘടനശാസ്ത്രപരവുമായ ഒരു ഉടൽ നല്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ബാർഥ് ആഗ്രഹിക്കുന്നു. യാതൊന്നിനെയും അർത്ഥമാക്കാത്ത ഒരു ദേഹം!  ” എന്നാൽ, കഷ്ടമെന്ന്  പറയട്ടെ! എല്ലായ്പോഴും  ഭാവാവിഷ്ക്കാരം ആവശ്യപ്പെടുന്ന ഫോട്ടോഗ്രഫിയാൽ ഞാൻ അഭിശപ്തനായിരിക്കുന്നു. അതിനാൽ എന്റെ ശരീരത്തിന്  ഒരിക്കലും  അതിന്റെ ശൂന്യാവസ്ഥ ( zero degree)  കണ്ടെത്താനാവില്ല. ആർക്കും  അതെനിക്ക്  നൽകാനുമാവില്ല. (ഒരു പക്ഷെ, അമ്മക്ക്  മാത്രം കഴിയുന്ന കാര്യമാണത്. കാരണം, നിസ്സംഗതയല്ല ഒരു പ്രതിബിംബത്തിന്റെ ഭാരം മായ്ച്ച്  കളയുന്നത്. സ്നേഹം, അങ്ങേയറ്റത്തെ സ്നേഹത്തിനു   മാത്രമേ അക്കാര്യം  നിറവേറ്റാൻ കഴിയു. മറിച്ച്  ഒരു Photomat,  നിങ്ങളെ  പോലീസ്  തിരഞ്ഞുകൊണ്ടിരിക്കുന്ന കുറ്റവാളിയുടെ രൂപത്തിലേക്ക്  മാറ്റുന്നു)”.

പിറവി, തുടർന്നുള്ള അസ്ഥിരമായ ഉണ്മ, നിലനില്പിൽ അടിച്ചേൽപ്പിക്കപ്പെടുന്ന  പ്രതിനിധാനത്തിന്റെ  ഭാരങ്ങൾ,   സ്നേഹത്ത്തിലൂടെ മാത്രം സാധ്യമാകുന്ന  സത്തയുടെ മോചനം എന്നീ സാധ്യതകളായും  ബാർതിന്റെ വാക്യങ്ങൾക്ക്  ഭാഷ്യം പറയാവുന്നതാണ്. അധികാരത്തിന്റെയും ആത്മശോഷണത്തിന്റെയും ‘സെൽഫികൾ’ ഭീഷണമാം വിധം വൈറൽ ആകുന്ന ഇക്കാലത്ത്.

Footnotes:

  1. Adolphe Thiers ( 1797- 1877): മൂന്നാം ഫ്രഞ്ച് റിപബ്ലിക്കിന്റെ സ്ഥാപകനും പ്രസിഡന്റും. 1871-ലെ  പാരീസ്  കമ്മ്യുണ്‍ പ്രക്ഷോഭത്തെ നിഷ്കരുണം അടിച്ചമർത്തി.
  1. Francois  Clouet:  (c. 1515/20–1572): പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ഫ്രഞ്ച്  പോർട്രെയ് റ്റിസ്റ്റ് ; കൊട്ടാരം ചിത്രകാരൻ.
  1. Titian: ഇറ്റാലിയൻ നവോത്ഥാനകാലത്തെ മഹാനായ ചിത്രകാരൻ.

തുടരും…

ഈ പെയ്ജിൽ പ്രകാശിപിക്കപെടുന്ന ചിത്രങ്ങളും, ലേഖനവും അവയവയുടെ രചയിതാവിന്റെ മുൻ‌കൂർ അനുവാദം കൂടാതെ പരസ്യമായി മറ്റാരാലും പ്രകാശിപിക്കാവുന്നതല്ല. ഇവയെല്ലാം. കൂടുതല്‍ വിവരങ്ങള്ക്ക് admin@etpindia.org / 94879 56405

Disclaimer